രാജ്യത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കോവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

പി.എം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്പാടും 1500 പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ പ്ലാന്റുകളിലൂടെ നാല് ലക്ഷം ഓക്സിജന്‍ ബെഡ്ഡുകള്‍ക്ക് ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും.

എത്രയും വേഗത്തില്‍ പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്സ് വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.

 

Top