ഒമിക്രോണ്‍ വ്യാപനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് സംസാരിച്ചത്. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും.

ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം. ജനിതക ശ്രേണികരണത്തിലും പരിശോധന, വാക്‌സീന്‍ എന്നിവയിലും തുടര്‍ച്ചയായ ഗവേഷണം വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എത്രവരെ കേസുകള്‍ കൂടാം എന്നതിന്റെ കണക്കുകള്‍ അവലോകന യോഗത്തില്‍ അവതരിപ്പിച്ചു.

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്തമായിരിക്കണമെന്നും ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

Top