വാക്‌സീന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി

ദില്ലി: കൊവിഡിന്റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി. ചില സംസ്ഥാനങ്ങളില്‍ പരിശോധന കുറവാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്‌സീന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍, യുപി, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

രാജ്യത്ത് വീണ്ടും കൊവിഡ് തരംഗമെന്ന ആശങ്ക ശക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 28903 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കൊവിഡ് കണക്കാണിത്.

24 മണിക്കൂറിനിടെ രാജ്യത്ത് 188 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിലെ 15 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളില്‍ പ്രതിദിനം ആയരിത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു.

രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി അവസാനം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നത്. ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് മൂന്നാംഘട്ട വാക്‌സിനേഷന്‍ തുടങ്ങിയേക്കും. ഈ ഘട്ടത്തില്‍ 45 നും 59 നും ഇടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും. 45 വയസ്സിന് മുകളിലുള്ള ഗുരുതര രോഗമുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്

 

Top