പാശ്ചാത്യ, വികസ്വര രാജ്യങ്ങൾക്കിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്ന് മോദി

ദില്ലി: പാശ്ചാത്യ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്ന് പ്രധാനമന്ത്രി. ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ദൗത്യത്തേക്കുറിച്ച് പ്രതികരിച്ചത്. ഏറെക്കാലമായി അവകാശങ്ങള്‍ അടക്കം ലംഘിക്കപ്പെടുന്നതായി വികസ്വര രാജ്യങ്ങളില്‍ രോഷവും വേദനയുമുള്ള ഒരു സാഹചര്യമുണ്ട്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഏറെ ജനകീയമായ സ്ഥാനമാണുള്ളത്.

ഐഎംഎഫും ലോക ബാങ്കും സമഗ്രമായ രീതിയില്‍ പുനക്രമീകരണം നടത്തിയാല്‍ ഇന്ത്യയ്ക്ക് അര്‍ഹമായ സ്ഥാനം വീണ്ടെടുക്കാനാവും. എന്നാല്‍ ലോക രാജ്യങ്ങളുടെ മുഖമായുള്ള യുഎന്നില്‍ പോലും സ്ഥിരാംഗത്വമില്ലാത്തതാണ് നിലവിലെ സാഹചര്യം. ഇത് യുഎന്നിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന് അംഗം പോലുമല്ലാത്തപ്പോള്‍ ലോക രാജ്യങ്ങള്‍ക്ക് വേണ്ടി യുഎന്‍ സുരക്ഷാ കൌണ്‍സില്‍ എങ്ങനെ സംസാരിക്കുമെന്നും പ്രധാനമന്ത്രി ചോദിക്കുന്നു.

നിലവില്‍ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് രാജ്യമുള്ളതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യന്‍ സംസ്കാരത്തിനുള്ളത്. ഇന്ത്യയുടെ ഏറ്റവും ശക്തമായ സമ്പാദ്യം യുവതലമുറയാണ്. മറ്റ് പല രാജ്യങ്ങള്‍ക്കും പ്രായമേറുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളും ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, സാമൂഹ്യ അരക്ഷിതാവസ്ഥ എന്നിവ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭാവിയേക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top