വന്ദേഭാരത് ഓടുന്ന ഇടങ്ങളിൽ ഇന്ത്യയുടെ വികസനം അറിയാനാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ ഇന്ത്യയുടെ രൂപമാണ് വന്ദേഭാരത് ട്രെയിനെന്നും, ഇവ ഓടുന്ന സ്ഥലങ്ങളിൽ രാജ്യത്തിന്റെ വികസനപുരോഗതി വ്യക്തമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീ‌ഷയ്‌ക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

‘യാത്രക്കാർക്ക് പുതിയ അനുഭവമാണ് വന്ദേഭാരത് സർവീസ് സമ്മാനിക്കുന്നത്. പുതിയ സർവീസ്, സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുറമേ യുവാക്കൾക്ക് പുതിയ അവസരങ്ങളും സൃഷ്ടിക്കും. ഏതൊരു പൗരനും യാത്ര ചെയ്യുന്നതിനായി ആദ്യം തിരഞ്ഞെടുക്കുന്നത് റെയിൽവേയെയാണ്. ഈ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ’-പ്രധാനമന്ത്രി പറഞ്ഞു.

ഹൗറയേയും പുരിയേയും ബന്ധിപ്പിച്ചാണ് സർവീസ്. 500 കിലോമീറ്റർ ദൂരം ആറര മണിക്കൂർ കൊണ്ടാണ് പിന്നിടുക. പുരി, കട്ടക് റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. പൂർണമായി വൈദ്യുതീകരിച്ച ഒഡിഷയിലെ റെയിൽവേ ലൈനുകളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂൺ 20ന് തുടങ്ങാനിരിക്കെയാണ് സർവീസ് ആരംഭിക്കുന്നത്. തീർഥാടകർ അടക്കമുള്ളവർക്ക് സർവീസ് പ്രയോജനപ്പെടും.

Top