കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

കര്‍ഷകരുടെ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതു തന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം, പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം നിങ്ങളുടെ അനുയായികളെ അറിയിക്കുക. ചര്‍ച്ചകളിലൂടെ വേണം പ്രശ്നപരിഹാരം ഉണ്ടാക്കാന്‍. നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, പ്രധാന മന്ത്രി പറഞ്ഞു.

അതേസമയം, കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top