പലസ്തീന് അന്താരാഷ്ട്ര സുരക്ഷ ഏര്‍പ്പെടുത്തണം, യുഎന്‍ സെക്രട്ടറിയോട് പ്രധാനമന്ത്രി

റമല്ല: പലസ്തീന് അന്താരാഷ്ട്ര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോട് പലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദല്ല.

ഇസ്രയേല്‍ യുഎന്‍ പ്രമേയം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി.

ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റമല്ലയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹംദല്ല ഇക്കാര്യം ആവശ്യപ്പെട്ടത്.

യുഎന്‍ പ്രമേയങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും പലസ്തീന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തി അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തിയ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും ഹംദല്ല പറഞ്ഞു. വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും സാന്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സഹചര്യങ്ങളെ കുറിച്ച് ഗൂട്ടെറസുമായി ചര്‍ച്ച നടത്തിയെന്നു ഹംദല്ല കൂട്ടിച്ചേര്‍ത്തു.

അധിനിവേശ പലസ്തീന്‍ മേഖലയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗുട്ടെറസ് തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി അവിഗ്‌ഡോര്‍ ലീബെര്‍മാന്‍, പ്രതിപക്ഷ നേതാവ് ഐസക് ഹെര്‍സോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്‍ മേഖലയില്‍ ഇസ്രയേലിന്റെ അധിവാസം അംഗീകരിക്കില്ലെന്ന യുഎന്‍ നിലപാട് ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.

Top