തെരഞ്ഞെടുപ്പ് കമ്മീഷനും മോദി ഭയം ? പെരുമാറ്റ ചട്ടലംഘനത്തിൽ നടപടിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൊടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പേടി. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് വര്‍ഗീയ പരിവേഷം നല്‍കിയ മോദിയുടെ പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തലാണ് വിവാദമാകുന്നത്.

തുടരെ തുടരെ നാലു പരാതികളിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുള്ളത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മേഖലയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വയനാട്ടിലേക്ക് രാഹുല്‍ഗാന്ധി ഓടിപ്പോയെന്നായിരുന്നു ഏപ്രില്‍ ആറിന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ്രസംഗം.

ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയില്‍ വാര്‍ധയില്‍ നടത്തിയ പ്രസംഗത്തിലും നരേന്ദ്രമോദി രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ഗാന്ധിയെ ഭൂരിപക്ഷ സമുദായം വോട്ടര്‍മാരായുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നായിരുന്നു മോദിയുടെ പ്രസംഗം.

‘കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു. ഇതിന് രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിക്ഷിക്കും. ഹിന്ദു ഭൂരിപക്ഷമായ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണ്. അതുകൊണ്ടാണ് ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലങ്ങളില്‍ അഭയം തേടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്” ഇതായിരുന്നു മോദിയുടെ മറ്റൊരു വിവാദ പ്രസംഗം.

മോദിയുടെ പ്രസംഗം വിദ്വേഷമുണ്ടാക്കുന്നതും ആളുകളെ ഭിന്നിപ്പിക്കുന്നതുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തിയാണ് പരാതി നല്‍കിയത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ റിപ്പോര്‍ട്ടും വാങ്ങി കോണ്‍ഗ്രസിന്റെ പരാതി തള്ളുകയാണ് കമ്മീഷന്‍ ചെയ്തത്.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെപേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ടു ചെയ്യണമെന്നും മോദി പ്രസംഗിച്ചിരുന്നു. സൈനികരുടെ പേരില്‍ വോട്ടുപിടിക്കുന്നതിനെതിരെയും പരാതി ഉയര്‍ന്നു. ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന വിവാദ പ്രസംഗവും ഇതിനിടെ പരാതിക്കിടയാക്കി. എന്നാല്‍ ഇവയിലെല്ലാം മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടില്‍ റോഡ് ഷോക്കിടെ മുസ്‌ലിം ലീഗിന്റെ കൊടി ഉയര്‍ന്നത് കണ്ട് രാഹുല്‍ഗാന്ധി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്‍ത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും രംഗത്തെത്തിയിരുന്നു. അമിത്ഷാക്കെതിരെ പാക്കിസ്ഥാന്‍ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മോദിക്ക് ക്ലീന്‍ചിറ്റു നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി മൂക്കുകയറിടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

മോദിയെയും അമിത്ഷായെയും തൊടാന്‍ മടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അമിത്ഷാ കൊലപാതക്കേസിലെ പ്രതിയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലും ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാധി പ്രജ്ഞ്യ എന്നിവര്‍ക്കെതിരെ പ്രചരണവിലക്കടക്കമുള്ള നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വോട്ടിങ് യന്ത്രത്തിനെതിരെ വ്യാപകപരാതികളാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. വി.വി പാറ്റിലെ വോട്ടുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വി.വി പാറ്റ് വോട്ടുകള്‍ പൂര്‍ണമായും എണ്ണുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആറു ദിവസം വൈകുമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി മാത്രം പരാതി പറയാതിരിക്കുകയും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി ഉയര്‍ത്തുകയും ചെയ്യുന്നത് വിചിത്ര സംഭവമായിട്ടുണ്ട്.

Top