പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഓരോ വര്‍ഷവും രണ്ട് കോടി അവസരങ്ങള്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

90 സെക്കന്റുള്ള ട്വിറ്റര്‍ വീഡിയോയിലാണ് വിമര്‍ശനം. തൊഴില്‍ നല്‍കൂവെന്ന ക്യാംപയിനും രാഹുല്‍ ഗാന്ധി ആരംഭിച്ചു. തൊഴില്‍ നഷ്ടമാവുകയും തൊഴില്‍ ലഭിക്കാതെയുമുള്ള യുവജനങ്ങള്‍ സര്‍ക്കാരിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനായി ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാക്കുമെന്ന് യുവജനങ്ങള്‍ക്ക് സ്വപ്നം നല്‍കിയ മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം 14 കോടി ആളുകള്‍ തൊഴില്‍ രഹിതരായി. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്‌ഡൌണ്‍ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Top