യുക്രൈനില്‍ നിന്ന് നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്ന് നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ. ട്വിറ്ററിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം.

‘നാല് നേപ്പാളി പൗരന്മാരെ ഇന്ത്യ നാട്ടിലെത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി. ഓപ്പറേഷന്‍ ഗംഗയിലൂടെ നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് നരേന്ദ്ര മോദിയോടും ഇന്ത്യന്‍ സര്‍ക്കാറിനോടും നന്ദി പറയുന്നു നേപ്പാള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ യുക്രൈനില്‍ നിന്ന് ആറ് നേപ്പാളി പൗരന്മാരെയാണ് ഇന്ത്യ നാട്ടിലെത്തിച്ചത്.

യുക്രൈനില്‍ കുടുങ്ങിപ്പോയ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ നേപ്പാള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായം തേടിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ ഗംഗ’.

ഫെബ്രുവരി 22 ന് ആരംഭിച്ച മിഷന്‍ മാര്‍ച്ച് എട്ടിനാണ് അവസാനിച്ചത്. 18,000 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങള്‍ വഴി തിരികെ കൊണ്ടുവന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 2,467 യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 12 സര്‍വീസ് നടത്തി. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു.

Top