വയസ്സ്‌, 34 ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചരിത്രം രചിച്ച്‌ സന്ന മരിന്‍

ഹെൽസിങ്കി ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സന്ന മരിന്‍. നേരത്തെ ഫിന്‍ലന്‍ഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34-കാരിയായ സന്ന.

സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്.

തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്‍റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റർ പാർട്ടിയുടെ നേതാവ് കത്രി കൽമുനിയാകും പുതിയ ധനമന്ത്രി (പ്രായം – 32). ഗ്രീൻ പാർട്ടി നേതാവ് മരിയ ഒഹിസാലോ (34) ആഭ്യന്തര മന്ത്രിയായും ഇടതു മുന്നണി അധ്യക്ഷ ലി ആൻഡേഴ്സൻ (32) വിദ്യാഭ്യാസ മന്ത്രിയായും തുടരും. സ്വീഡിഷ് പീപ്പിൾസ് പാർട്ടിയുടെ അന്ന മജ ഹെൻറിക്സൻ (55) നീതിന്യായ വകുപ്പിലും തുടരും.

Top