പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് ഇനി തമിഴിലും

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തമിഴില്‍ സംസാരിക്കും. കന്യാകുമാരിയിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കവേ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നമോ ആപ്പില്‍ തമിഴ് ഭാഷ ഉള്‍പ്പെടുത്തി നിര്‍മിതബുദ്ധി സഹായത്തോടെയാണ് പ്രധാനമന്ത്രി തമിഴില്‍ സംസാരിക്കുക. എക്സിലും ഇത് ലഭ്യമാവും.

തനിക്കു തമിഴ് സംസാരിക്കാന്‍ അറിയില്ലെന്നും അതിന്റെ പ്രയാസം തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. നമോ ആപ്പിലൂടെ ഇനി തമിഴില്‍ ഞാന്‍ നിങ്ങളോടു സംസാരിക്കും. എന്റെ മന്‍കീ ബാത്ത് ഇനി തമിഴില്‍ കേള്‍ക്കാം, മോദി പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന അതേ വികാരത്തോടെ പ്രസംഗം തമിഴില്‍ കേള്‍ക്കാമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു.

തമിഴ്നാടിന്റെ ശത്രുവാണ് ഡി.എം.കെയെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കു മുമ്പ് ഞാന്‍ തമിഴ്നാട്ടില്‍ പ്രാര്‍ഥിക്കാന്‍ വന്നു. എന്നാല്‍, ഡി.എം.കെ സര്‍ക്കാര്‍ എന്തുചെയ്തു? അവര്‍ പ്രാണപ്രതിഷ്ഠ ജനങ്ങള്‍ കാണുന്നതുപോലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത് അവര്‍ക്കിഷ്ടമായില്ല. നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയോടും പാരമ്പര്യത്തോടുമൊക്കെ വെറുപ്പാണവര്‍ക്ക്. തമിഴ് സംസ്‌കൃതി ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. തമിഴ്നാടിന്റെ പെരുമയും അഭിമാനവുമായ ജെല്ലിക്കെട്ട് ഇല്ലാതാക്കാനും ശ്രമിച്ചു.

മോദി ജീവിക്കുന്നിടത്തോളം കാലം തമിഴ് പെരുമ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല. തമിഴ് മക്കളുടെ ജീവന്‍ കൊണ്ട് കളിക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. ശ്രീലങ്കയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വധശിക്ഷ വിധിച്ചു. മോദി മിണ്ടാതിരുന്നില്ല. എല്ലാ വഴികളിലൂടെയും ശ്രമിച്ച് അവരെ തിരിച്ചെത്തിച്ചു. മത്സ്യ തൊഴിലാളികള്‍ക്ക് എന്തിനു ശ്രീലങ്കയില്‍ പോവേണ്ടിവരുന്നു? ജനങ്ങളോ ബി.ജെ പി യോ അല്ല കുറ്റക്കാര്‍, കോണ്‍ഗ്രസും ഡി.എം.കെയും ചേര്‍ന്ന സര്‍ക്കാറാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Top