Prime Minister Narendra Modi’s latest statement about Indians

നെയ്‌റോബി: മാനവരാശിക്ക് വെല്ലുവിളിയായ ഭീകരവാദത്തിനെതിരെ പോരാടാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചുകൂടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകം നേരിടുന്ന രണ്ടു വലിയ പ്രശ്‌നങ്ങളാണ് ഭീകരവാദവും ആഗോളതാപനവും. ഇവ രണ്ടും മാനവരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇവയ്ക്കു പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഒത്തൊരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കെനിയയില്‍ എത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

ഗുജറാത്ത് പോലൊരു ചെറിയ സംസ്ഥാനത്തു നിന്നുള്ളൊരാള്‍ പ്രധാനമന്ത്രി ആയാല്‍ അയാള്‍ക്ക് എന്തു ചെയ്യാനാണ് സാധിക്കുക? 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ വിമര്‍ശകരുടെ ഭാഗത്തുനിന്നും ഉണ്ടായി. എനിക്കതില്‍ ആരോടും പരാതിയില്ല.

അവരുടെ ചോദ്യം ശരിയായിരുന്നു. പ്രധാനമന്ത്രിയായതിനുശേഷമാണ് ഞാന്‍ പാര്‍ലമെന്റ് കാണുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തെ തന്റെ ഭരണത്തിലൂടെ വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നല്ല ഭരണം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കഴിഞ്ഞു. നിരവധി പദ്ധതികള്‍ നടപ്പിലാക്കി. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു.

ലോകം ഇന്നു സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോവുകയാണ്. അപ്പോഴും ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. ഇതു പ്രശംസയര്‍ഹിക്കുന്ന വസ്തുതയാണ്. ഇനിയും മുന്നേറി 8 ശതമാനം വളര്‍ച്ച നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും തല ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാം.

സ്വന്തം കാര്യം മാത്രം നോക്കാനായി സ്വാര്‍ഥതയുള്ള രാജ്യമല്ല ഇന്ത്യ. ‘വസുദൈവ കുടുംബകം’ എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാര്‍. ആഫ്രിക്കയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനിയും അങ്ങനെത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

×

Top