ജി20 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്

ഡൽഹി: 17-ാം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെടും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി മൂന്ന് സെഷനുകളിൽ പങ്കെടുക്കും. ബാലിയിൽ 45 മണിക്കൂർ മാത്രം ചെലവിടുന്ന പ്രധാനമന്ത്രി 20തോളം ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള 10ൽ പരം ലോക നേതാക്കളുമായി മോദി ചർച്ച നടത്തും.

ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഭക്ഷ്യ – ഊർജ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ആരോഗ്യം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട പരിപാടികളിലും മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര നേരത്തേ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുന്നത്. ഡിസംബർ ഒന്നു മുതലാണ് ഇന്ത്യ ഔദ്യോഗികമായി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

Top