രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം, അധികാരം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അധികാരമല്ല തനിക്ക് വേണ്ടത്, ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 83-ാം എപ്പിസോഡിനെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും സായുധ സേനയ്ക്ക് ആദരവ് അര്‍പ്പിക്കുകയും ചെയ്തു. കോവിഡ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും സംസാരിച്ചു.

ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തിലെ വഴിത്തിരിവിലാണ് നമ്മളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. യുവാക്കള്‍ തൊഴിലന്വേഷകര്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരും കൂടിയാണ്. ഇന്ത്യയില്‍ 70ലധികം യൂണികോണുകള്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെയാണ് യൂണികോണ്‍ എന്നുവിളിക്കുന്നത്.

‘രണ്ടു ദിവസത്തിനുള്ളില്‍ ഡിസംബര്‍ മാസം ആരംഭിക്കുകയാണ്. രാജ്യം നാവികസേനാ ദിനവും സായുധ സേനയുടെ പതാക ദിനവും ആചരിക്കും. ഡിസംബര്‍ 16ന് രാജ്യം 1971ല്‍ പാകിസ്താനുമായുണ്ടായ യുദ്ധ വിജയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ അവസരത്തില്‍ നമ്മുടെ സായുധ സേനയെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടികാട്ടി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയോ അതിന്റെ പരിശുദ്ധി നശിപ്പിക്കുകയോ ചെയ്യുമ്പോഴാണ് പ്രകൃതി നമുക്ക് ഭീഷണിയാകുന്നത്. ഇന്ത്യയിലുടനീളമുള്ള കൂട്ടയ്മകള്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ച സംഭവങ്ങളും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ജീവിതശൈലി ജനങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Top