പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേയ്ക്ക്; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ദുബൈ: അഞ്ചാം ഗള്‍ഫ് സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക സന്ദര്‍ശനം സംബന്ധിച്ച് പ്രസ്താവനയില്‍ അറിയിച്ചത്.

ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോദി അബൂദബിയില്‍ ഇറങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന ഘട്ടത്തിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് നിമിത്തമാകും.

യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി (കോപ്) യുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വ്യാഴാഴ്ച മുതലാണ് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.

വെള്ളിയാഴ്ച ഫ്രാന്‍സിന്റെ ദേശീയദിനമായ ബാസ്റ്റീല്‍ ദിനത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയും നടത്തും.

Top