കേന്ദ്രബജറ്റില്‍ പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായി മാത്രം 54,06,00 കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷയ്ക്കായി മാത്രം നീക്കിയത് 540600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച ബജറ്റില്‍ 420 മുതല്‍ 540 കോടി രൂപ വരെയാണ് എസ്പിജിക്കു വേണ്ടി അനുവദിച്ചിരുന്നത്. 3000 അംഗങ്ങളുടെ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ഏക വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വിദേശത്തുനിന്നുള്‍പ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി. അര്‍ധ സുരക്ഷാസേനകളായ സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നിവയില്‍ നിന്നുള്ളവരെയാണ് എസ്പിജിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് നെഹ്‌റുഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിട്ട നെഹ്‌റു ഗാന്ധി കുടുംബത്തിന് 28 വര്‍ഷം നീണ്ട കാവലാണു ഇതോടെ നഷ്ടമായത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ 1991 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ പത്‌നി സോണിയയ്ക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇവര്‍ നിരന്തരമായി സുരക്ഷാ വീഴ്ചകള്‍ വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇതു പിന്‍വലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ കഴിഞ്ഞ ഓഗസ്റ്റില്‍ എസ്പിജിയില്‍ നിന്ന് സെഡ് പ്ലസ് സുരക്ഷാ പട്ടികയിലേക്കു മാറ്റിയിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി.ദേവെഗൗഡ, വി.പി.സിങ് എന്നിവരെയും എസ്പിജി സുരക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1985 ലാണ് എസ്പിജി നിലവില്‍ വന്നത്. സേനയുടെ പ്രവര്‍ത്തന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ നിയമം 1988 ല്‍ പാസാക്കി. 1989 ല്‍ അധികാരത്തിലേറിയ വി.പി.സിങ് സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചു.1991ല്‍ രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും 10 വര്‍ഷത്തേക്കു സുരക്ഷ നല്‍കാനുള്ള വ്യവസ്ഥയുള്‍പ്പെടുത്തി എസ്പിജി നിയമം ഭേദഗതി ചെയ്തു.

Top