അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് ട്രംപിനോട് മോദി

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ മോദി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീർ വിഭജനത്തിനും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്നും ട്രംപിനോട് മോദി വ്യക്തമാക്കി. അരമണിക്കൂറാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അനുകൂലിച്ചില്ല. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു.

നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചയിൽ മാധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോടാവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു.

Top