ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സെക്കന്തരാബാദ്: സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കന്തരാബാദില്‍ പിന്നോക്ക സമുദായ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പിന്നോക്ക സമുദായങ്ങളില്‍ നിന്ന് എന്തെങ്കിലും നേടാനല്ല വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ ബിഹാര്‍ മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ദളിതുകളില്‍ തന്നെ ഏറ്റവും ദളിതനായ ജിതിന്‍ റാം മാഞ്ചിയെ അപമാനിച്ചയാളാണ് നിതീഷ് കുമാര്‍. അഴിമതിയുടെ കാര്യത്തിലും ബിആര്‍എസും കോണ്‍ഗ്രസും തുല്യരാണ്. ബിആര്‍എസ് ഡല്‍ഹിയിലെ ആം ആദ്മിയുമായി ചേര്‍ന്ന് അഴിമതി നടത്തി. ഇവര്‍ അഴിമതിയിലും സഹകരണത്തിലാണ്. തിരശീലക്ക് പിറകില്‍ ബിആര്‍എസും കോണ്‍ഗ്രസും ഒന്നാണ്.

ദളിത് വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. എല്ലാ പദ്ധതികളിലും എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. എസ് സി, എസ് ടി വിഭാഗത്തെ കോടിക്കണക്കിന് രൂപയുടെ വായ്പ നല്‍കി സംരംഭകരാക്കി. മുദ്രാ ലോണിലും കൂടുതല്‍ പ്രയോജനം ലഭിച്ചത് എസ് സി, എസ് ടി വിഭാഗത്തിനാണ്. വിശ്വകര്‍മജര്‍ക്ക് വേണ്ടി 13000 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. ദരിദ്രയായ അമ്മയുടെ മകനായി ജനിച്ച ഈ മകന്‍ ദരിദ്രരെ ഒരിക്കലും കൈവിടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Top