‘വിഡ്ഡികളുടെ നേതാവ്’ ;രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിഡ്ഡികളുടെ നേതാവ്’ എന്നാണ് രാഹുലിനെ പരോക്ഷമായി മോദി വിശേഷിപ്പിച്ചത്. മധ്യപ്രദേശിലെ ബേതുലില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുലിനെതിരെ പ്രധാനമന്ത്രിയുടെ പ്രയോഗം. കഴിഞ്ഞദിവസം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു മോദി.

”ഷര്‍ട്ടുകളിലും ക്യാമറകളിലും മൊബൈല്‍ ഫോണുകളിലും മെയ്ഡ് ഇന്‍ ചൈന എന്നാണ് കാണുന്നത്. എപ്പോഴെങ്കിലും നിങ്ങള്‍ മെയ്ഡ് ഇന്‍ മധ്യപ്രദേശ് എന്ന് കണ്ടിട്ടുണ്ടോ. മധ്യപ്രദേശില്‍ നിര്‍മിച്ച ഫോണ്‍ ചൈനയിലെ ഒരു യുവാവ് പുറത്തെടുക്കുന്ന ദിവസം വരും”, ഇതായിരുന്നു രാഹുലിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.

“ഇന്ത്യക്കാരുടെ കയ്യില്‍ ചൈനയില്‍ നിര്‍മിച്ച മൊബൈല്‍ ഫോണുകളാണ് ഉള്ളതെന്നാണ് കോണ്‍ഗ്രസിലെ മഹാനായ ഒരു നേതാവ് പറഞ്ഞത്. വിഡ്ഡികളുടെ നേതാവേ, താങ്കള്‍ ഏതുലോകത്താണ് ജീവിക്കുന്നത്. മൊബൈല്‍ഫോണ്‍ നിര്‍മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ 20,000 കോടി രൂപയില്‍ താഴെയായിരുന്നു ഇന്ത്യയില്‍ ഫോണുകളുടെ നിര്‍മാണം. ഇന്നിത് 3.5 ലക്ഷം കോടിയിലെത്തി. ഒരു ലക്ഷം കോടി രൂപയുടെ ഫോണുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സ്വന്തം നാട്ടുകാരുടെ നേട്ടങ്ങള്‍ കാണാതെ പോകുന്ന മനോരോഗമാണ് കോണ്‍ഗ്രസുകാര്‍ക്ക്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ല”, മോദി പറഞ്ഞു.

Top