ഡല്‍ഹി: ഇന്ത്യാ അലയന്‍സിന്റെ മെഗാ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘ശക്തി’ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ അമ്മമാരും പെണ്‍മക്കളും തനിക്ക് ‘ശക്തി’യുടെ രൂപങ്ങള്‍. താന്‍ അവരെ ആരാധിക്കുന്നു. ശക്തിയെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും പ്രധാനമന്ത്രി.
തെലങ്കാനയിലെ ജഗ്തിയാലില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഞായറാഴ്ച മുംബൈയില്‍ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയില്‍ അവര്‍ തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍, തങ്ങളുടെ പോരാട്ടം ‘ശക്തി’ക്കെതിരെയാണെന്ന് അവര്‍ പറഞ്ഞത് എല്ലരും കേട്ടുകാണും. എനിക്ക് എല്ലാ അമ്മമാരും പെണ്‍മക്കളും ‘ശക്തി’യുടെ രൂപമാണ്. അമ്മമാരേ, സഹോദരിമാരേ, നിങ്ങളെ ഞാന്‍ ‘ശക്തി’യായി ആരാധിക്കുന്നു. ഞാന്‍ ഭാരത് മാതാവിന്റെ ‘പൂജാരി’ ആണ്’ മോദി പറഞ്ഞു.
”ഇന്ത്യ അലയന്‍സ് പ്രകടനപത്രികയില്‍ ശക്തിയെ അവസാനിപ്പിക്കും/നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ‘ചന്ദ്രയാന്റെ’ വിജയം രാഷ്ട്രം ‘ശിവശക്തി’ക്ക് സമര്‍പ്പിച്ചു, പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ശക്തി’യെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി ഞാന്‍ എന്റെ ജീവന്‍ ബലിയര്‍പ്പിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ ബിജെപിക്കുള്ള ജനപിന്തുണ വര്‍ധിച്ചുവരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, വോട്ടെടുപ്പ് ദിവസം അടുക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി തരംഗമുണ്ടാകുമെന്നും കോണ്‍ഗ്രസും ബിആര്‍എസും ശുദ്ധീകരിക്കപ്പെടുമെന്നും പറഞ്ഞു.