ഡ്രസിങ്ങ് റൂമിലെത്തി നിരാശരായ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഞായറാഴ്ച ഇന്ത്യ ഓസീസിനോട് പരാജയപ്പെടുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമേദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗാലറിയില്‍ സന്നിഹിതരായിരുന്നു. 6 വിക്കറ്റിന് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ കളിക്കാര്‍ നിരാശരായാണ് ഗ്രൗണ്ട് വിട്ടത്. ഇന്ത്യന്‍ ഡ്രസിങ്ങ് റൂം ദു:ഖത്തിലും നിരാശയിലും നിശബ്ദമായിരിക്കെയാണ് അവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നു വന്നത്. നിരാശരായി തലകുമ്പിട്ട് നിന്നിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെയും ചേര്‍ത്ത് പിടിച്ച് ഡ്രസിങ്ങ് റൂമിന്റെ നിരാശമാറ്റാന്‍ കടന്നുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഒപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നു.

തുടര്‍ന്ന് കോച്ച് ദ്രാവിഡ് രാഹുലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രവീന്ദ്ര ജഡേജയോട് ‘ക്യാ ബാബു’ എന്ന് ചോദിച്ച പ്രധാനമന്ത്രി ഗുജറാത്തിയില്‍ എന്തോ പറയുകയും ജഡേജ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ശുഭ്മാന്‍ ഗില്ലിന് ഹസ്തദാനം ചെയ്ത മോദി മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ച് തലയില്‍ തലോടി. ‘നന്നായി ഷമി. ഇത്തവണ നിങ്ങള്‍ നന്നായി കളിച്ചു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

രോഹിത്, വിരാട് കോഹ്ലി തുടങ്ങിയവര്‍ നിരാശരായി നില്‍ക്കുന്നത് കണ്ട് പ്രധാനമന്ത്രി മോദി ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ അവരോടൊപ്പം ചേര്‍ന്ന് അവരുടെ ആവേശം ഉയര്‍ത്താന്‍ ശ്രമിച്ചു. ‘നിങ്ങള്‍ തുടര്‍ച്ചയായി 10 കളികള്‍ വിജയിച്ചു. ഈ തോല്‍വി സാധാരണമാണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളെ വന്ന് കാണണം എന്ന് കരുതി’ പ്രധാനമന്ത്രി ഇരുവരുടെയും കൈകള്‍ കൊരുത്ത് പിടിച്ചു പറഞ്ഞു.

 

Top