നിങ്ങളുടെ ധീരതയും ശൗര്യവും ലോകത്തിന് സന്ദേശം; പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ച് മോദി

ലഡാക്ക്: ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗല്‍വാനില്‍ സൈന്യം ഉചിതമായ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കള്‍ വെറുതെയല്ല ജീവന്‍ ത്യജിച്ചത്, അവരുടെ ധീരതയും അവര്‍ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളെയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കുംമെന്നും നിങ്ങള്‍ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും മോദി പറഞ്ഞു.

ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്കുലഭിച്ച പരിശീലനം എന്താണെന്നും അവരുടെ ത്യാഗമെന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണ്. നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നത്. മോദി കൂട്ടിച്ചേര്‍ത്തു.

നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മം നല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഗല്‍വാനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവില്ലെന്ന് നിമുവില്‍ പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.

Top