പ്രധാനമന്ത്രി കൊച്ചിയിലെത്തി, ഗുരുവായൂര്‍ ദര്‍ശനം ഇന്ന്; കനത്ത സുരക്ഷ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി കൊച്ചിയിലെത്തി. വെള്ളിയാഴ്ച രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം 12.05-ഓടെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി. ശനിയാഴ്ച രാവിലെ 8.55-ന് അദ്ദേഹം ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് 9.15-ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോകുന്നത്. 9.45-ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്ന് കാറില്‍ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയശേഷം 10.10-ന് ക്ഷേത്രത്തിലെത്തും. ദര്‍ശനത്തിനുശേഷം അദ്ദേഹം 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യും. 12.40-ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 1.55 വരെ ഇവിടത്തെ ലോഞ്ചില്‍ വിശ്രമിച്ചശേഷം രണ്ടുമണിക്ക് മടങ്ങും.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സുരേഷ് ഗോപി എം.പി., മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, കമ്മഡോര്‍ വി.ബി. ബെല്ലാരി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി. വിജയ് സാഖറെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. നേതാക്കളുടെ വന്‍സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരില്‍ നടക്കുന്നത്.

Top