പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരം: അരുണാചല്‍ എം.പി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തിന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് അരുണാചല്‍ പ്രദേശിലെ ബി.ജെ.പി എം.പി താപിര്‍ ഗാവോ. പശ്ചിമ ബംഗാളിലെയും അസമിലെയും തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയാണ് ഗാവോയുടെ പരാമര്‍ശം.

‘പ്രധാനമന്ത്രി മനുഷ്യനല്ല, രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കുന്ന ദൈവത്തിന്റെ അവതാരമാണ്. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്കതില്‍ അഭിമാനിക്കാം’ എന്നായിരുന്നു ഗാവോയുടെ പ്രസ്താവന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും ഗാവോ പാര്‍ലമെന്റില്‍ വിവരിച്ചു.

പശ്ചിമ ബംഗാളിലെയും അരുണാചലിലെയും തേയില തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 1000 കോടി അനുവദിച്ചതിനെ ഗവോ പ്രശംസിച്ചു. ഇത് തൊഴിലാളികളുടെ ജീവിതങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതാണെന്നും എം.പി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിലും വാക്‌സിന്‍ വികസിപ്പിക്കുന്നതിലും നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ണ്ണായക നിലപാടുകള്‍ സ്വീകരിച്ചെന്നും ഗാവോ പറഞ്ഞു. അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയതിലൂടെ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ച യുഗ പുരുഷനാണ് മോദി എന്നായിരുന്നു ലഡാക്ക് എം.പി ജംയങ് സെറിങ് നംഗ്യാലിന്റെ പരാമര്‍ശം.

 

 

Top