24×7 ഞാനുണ്ടാകും, നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മെഡിക്കല്‍ മാസ്‌കിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടി ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.

‘ദിവസവും 24 മണിക്കൂറും താന്‍ ലഭ്യമാണ്. ഏത് മുഖ്യമന്ത്രിക്കും എന്നോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം.’ വീഡിയോ കോണ്‍ഫറന്‍സിന് തുടക്കമിട്ടുക്കൊണ്ട് മോദി പറഞ്ഞു.

ഓരോ മുഖ്യമന്ത്രിമാര്‍ക്കും 3-4 മിനിറ്റാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായുള്ള യോഗം അവസാനിച്ച ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തിലും മറ്റു നിയന്ത്രണങ്ങളിലും പ്രധാനമന്ത്രി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ഏപ്രില് 14-നാണ് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

അതേസമയം, ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയേക്കുമെന്നും സൂചനകളുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് തുടരുകയാണ്.

Top