റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണ്‍ വഴി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയായി. വാഗ്‌നര്‍ സംഘത്തിന്റെ അട്ടിമറി ശ്രമത്തിന് ശേഷമുള്ള സാഹചര്യവും ചര്‍ച്ച ചെയ്തു.

റഷ്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ പുടിനുമായി ചര്‍ച്ച ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും പരസ്പര താത്പര്യമുള്ള ആഗോള വിഷയങ്ങളെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. യുക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നയന്ത്രത്തിനും സമാധാന സംഭാഷണത്തിനുമുള്ള ആഹ്വാനം നരേന്ദ്രമോദി ആവര്‍ത്തിച്ചു.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലും ജി 20യിലും ഇരുരാജ്യങ്ങളുടെയും സഹകരണവും ടെലിഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി. പ്രിഗോഷിന്റെ വാഗ്‌നര്‍ ഗ്രൂപ്പ് വ്‌ളാഡിമിര്‍ പുടിനെതിരെ നടത്തിയ നീക്കം അതിവേഗത്തിലായതോടെ റഷ്യയില്‍ അട്ടിമറി നീക്കത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. മൂന്ന് നഗരങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുക്കുകയും മോസ്‌കോ നഗരത്തെ ലക്ഷ്യമിടുകയും ചെയ്തിരുന്നു. പിന്നാലെ ബലാറസ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് വാഗ്‌നര്‍ സംഘം വിമത നീക്കത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായത്.

Top