ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ചൈനയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: ചൈനയിലെ സിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു.

വിനോദ സഞ്ചാര മേഖലയിലെ പ്രശ്‌നങ്ങള്‍ ബ്രിക്‌സ് രാജ്യങ്ങളെ ബാധിക്കുന്ന വിഷയം ഉച്ചകോടിയില്‍ ഇന്ത്യ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-ചൈന സൈനികര്‍ അതിര്‍ത്തിയിലെ ദോക്‌ലാമില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

അതിനാല്‍ തന്നെ മോദി-ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്നത്.

ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ നഗരമായ സിയാമെനില്‍ നടക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

തായ്‌വാന്റെ സമീപ പ്രദേശത്താണ് സിയാമെന്‍ നഗരം. ലോക ഭരണക്രമത്തിലും സമ്പദ്‌വ്യവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്ന ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.

കഴിഞ്ഞ തവണ ഇന്ത്യയായിരുന്നു ഉച്ചകോടിയുടെ ആതിഥേയര്‍, ഗോവയായിരുന്നു വേദി.

Top