‘കുടുംബത്തിന് വേണ്ടി, കുടുംബം നടത്തുന്ന പാര്‍ട്ടി…’; കോണ്‍ഗ്രസിനെതിരെ മോദി

ന്യൂഡല്‍ഹി: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിനു പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കുടുംബത്തിന് വേണ്ടി, കുടുംബം നടത്തുന്ന പാര്‍ട്ടി… ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ ഒരു കുടുംബം നിരവധി തലമുറകളായി ഒരു പാര്‍ട്ടി നടത്തുകയാണെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല.’- പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോള്‍ ഭരണഘടനയുടെ ആത്മാവിനും അതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മുറിവേറ്റിട്ടുണ്ട്. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാര്‍ട്ടികള്‍ക്ക് എങ്ങനെ ജനാധിപത്യം സംരക്ഷിക്കാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങ്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിച്ചു. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

 

Top