ഗഗന്‍യാന്‍ പരീക്ഷണ ദൗത്യ വിജയം; ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്ഷേപണം ഇന്ത്യയെ അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു എന്ന് അദ്ദേഹം എക്സില്‍ എഴുതി.

രാവിലെ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. ഗഗന്‍യാന്‍ പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട് പരീക്ഷണവും വിജയിച്ചു. ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്. രാവിലെ രണ്ടു തവണ നീട്ടി വെച്ച പരീക്ഷണം പത്ത് മണിയോടെയാണ് നടന്നത്. ആദ്യം മോശം കാലാവസ്ഥയെ തുടര്‍ന്നും പിന്നീട് സാങ്കേതിക പ്രശ്നം കാരണവുമാണ് പരീക്ഷണം നീട്ടിവെച്ചത്.

Top