ജൂലൈ 18 ന് എന്‍ഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; അജിത് പവാറും സംഘവും പങ്കെടുക്കും

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിപുലീകരിച്ച എന്‍ഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അജിത് പവാറും സംഘം എന്‍ഡിഎയിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമായതിനാല്‍ തന്നെ അജിത് പവാറും പ്രഫുല്‍ പട്ടേലും സംഘവും യോഗത്തില്‍ പങ്കെടുക്കും. ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചയാകും. പ്രതിപക്ഷ ഐക്യയോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എന്‍ഡിഎയും യോഗം ചേരുന്നതെന്നതെന്നതും ശ്രദ്ധേയമാണ്.

2024 ലെ ലോക്‌സഭാ ഇലക്ഷന്‍ ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് എന്‍ഡിഎ നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിക്കാന്‍ മോദിയെ തമിഴ്‌നാട്ടില്‍ നിന്ന് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്.1,79,143 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് 1,37,950 വോട്ടിനാണ് വിജയിച്ചത്. ഈ മണ്ഡലങ്ങളില്‍ മോദിയെ മത്സരിപ്പിച്ച് ദക്ഷിണേന്ത്യ മുഴുവന്‍ പ്രചാരണമെന്നതാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് അഭ്യൂഹം. എന്നാല്‍ തമിഴ്‌നാട്ടില്‍ മോദി മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

Top