യുക്രൈന്‍ രക്ഷാദൗത്യം; പ്രധാനമന്ത്രി വീണ്ടും ഉന്നതതലയോഗം വിളിച്ചു

ഡല്‍ഹി: യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ നേരിട്ടിറങ്ങുമെന്നാണ് വിവരം. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. അതേസമയം റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ഡല്‍ഹിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ മലയാളികളാണ്. വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളികള്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും.

ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് അഞ്ച് പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം രാത്രി 8.30 ന് എത്തും. 7.30 ന് എത്തുന്ന ഇന്‍ഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 93 പേര്‍ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 7 വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.

 

Top