മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച ഒരു മണിക്കൂര്‍ പിന്നിട്ടു

റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ പിന്നിട്ടു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ട്. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും.

മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തം ചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്.

പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാന്‍ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗ്ലാസ്‌ഗോയില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Top