കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മേഘാലയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

മേഘാലയയില്‍ ഷില്ലോങ്-നോങ്‌സ്റ്റോയ്ന്‍-രോങ്‌ജെങ്-ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു മോദി വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായി നടപ്പാക്കിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.

ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മാറ്റം കൊണ്ടുവരികയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഘാലയയിലെ പ്രധാന നഗരങ്ങളായ ഷില്ലോങ്ങും ടോറയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാത, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുന്നതാണ്, ഈ പാത യാഥാര്‍ഥ്യമായതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും മോദി ചൂണ്ടിക്കാട്ടി.

2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടനെ, കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ 15 ദിവസത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരിക്കണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയ കാര്യവും അദ്ദേഹം ഓര്‍മ്മിച്ചു.

രാവിലെ ഇവിടെ വന്ന് വൈകീട്ട് ഡല്‍ഹിക്കു മടങ്ങുന്നതുപോലെ ആകരുത് സന്ദര്‍ശനമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു എന്നും, അവര്‍ ഇവിടെ വരികയും ജനങ്ങളുമൊത്ത് സമയം ചെലവഴിക്കുകയും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതായും മോദി പറഞ്ഞു.

വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ഏതാണ്ട് 4,000 കിലോമീറ്ററോളം ദൂരത്തില്‍ ദേശീയ പാത അനുവദിച്ചതായും മോദി അറിയിച്ചു.

ഇതിനായി 32,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതെന്നും, ഇതിനു പുറമെ പുതിയ 15 റെയില്‍വേ ലൈനുകളും അനുവദിച്ചെന്നും,
ഇതിനെല്ലാം കൂടി 14,000 കിലോമീറ്റര്‍ നീളം വരുമെന്നും, 47,000 കോടിയോളം മുതല്‍മുടക്കുന്ന ഈ പദ്ധതിയും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മൊറാര്‍ജി ദേശായിക്കു ശേഷം വടക്കുകിഴക്കന്‍ സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുത്ത ഏക പ്രധാനമന്ത്രി താനാണെന്നും മോദി അവകാശപ്പെട്ടു.

2016ല്‍ ഷില്ലോങ്ങില്‍ നടന്ന വടക്കുകിഴക്കന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത് മോദിയായിരുന്നു.

2016ല്‍ താന്‍ ഇവിടെ വന്നപ്പോള്‍, മേഘാലയയുടെ വിനോദസഞ്ചാര വികസനം ഉറപ്പുനല്‍കിയിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.

മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്നും മോദി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനവും സംസ്ഥാനത്തിന്റെ 50ആം പിറന്നാളും ദേശീയ ഗെയിംസും ഒപ്പമെത്തുന്ന ഈ അവസരം മേഘാലയക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണെന്നും, പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സുവര്‍ണാവസരമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top