ഉംപുണ്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന് നരേന്ദ്ര മോദിയെത്തി

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഇന്ന് രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഒഡീഷയിലേക്ക് പോകും.

ഇരുസംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തും. തുടര്‍ന്ന് ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയും നവീന്‍ പട്‌നായിക്കും വ്യോമനിരീക്ഷണത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കുചേരും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്തിന് പുറത്തുപോകുന്നത്. ഫെബ്രുവരി 29ന് ഉത്തര്പ്രദേശിലെ പ്രയാഗ്രാജാണ് അദ്ദേഹം അവസാനമായി സന്ദര്‍ശിച്ചത്.

ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 77പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. കൊല്‍ക്കത്തയില്‍ മാത്രം 15 പേരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയൊരു ദുരന്തം ജീവിതത്തില്‍ താന്‍ കണ്ടിട്ടില്ലെന്നും ഇത് സര്‍വനാശമായിരുന്നെന്നും പ്രകൃതിയുടെ താണ്ഡവമായിരുന്നെന്നുമായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്.

Top