കാടിനെ തൊട്ടറിഞ്ഞ് മോദി; മാന്‍ വെര്‍സസ് വൈല്‍ഡില്‍ താരമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഡിസ്‌കവറി ചാനലില്‍ ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യ്ത എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയത്. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്.

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു ഇന്നത്തെ തീം. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ തനിക്ക് വീടുപേക്ഷിക്കേണ്ടി വന്നു. സ്വന്തം ജീവിതം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നുള്ള ചിന്തയായിരുന്നു പിന്നീട്. ആത്മീയ ലോകം കാണാന്‍ ആഗ്രഹിച്ചതായും അദ്ദേഹം പരിപാടിയില്‍ വെളിപ്പെടുത്തി.


പ്രകൃതിയെ ഇഷ്ടപ്പെട്ടതോടെ ഹിമാലയത്തിലേക്ക് പോയി. ഹിമാലയത്തില്‍ താമസിച്ച് അവിടെയുള്ളവരുമായി അടുത്തിടപഴകിയ ശേഷം അവരില്‍ പലകാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു.എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള മാന്‍ വെര്‍സസ് വൈല്‍ഡ് ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ് പ്രതിപാദിക്കുന്നത്.

Top