ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ മേധാവി സാം ആള്‍ട്മാനും കൂടിക്കാഴ്ച നടത്തി. ട്വിറ്ററിലൂടെയാണ് സാം ആള്‍ട്മാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി പങ്കുവെച്ചത്. കൂടിക്കാഴ്ചയില്‍ നന്ദിയറിയിച്ച പ്രധാനമന്ത്രി രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കംകൂട്ടുന്ന എല്ലാ തരം സഹകരണങ്ങളെയും സ്വാഗതം ചെയ്തു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യാ പരിതഃസ്ഥിതിയില്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ വലുതാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ സാങ്കേതിക വിദ്യാ പരിതഃസ്ഥിതിയുമായി ബന്ധപ്പെട്ടും എഐ രാജ്യത്തിന് എങ്ങനെ പ്രയോജനം ചെയ്യും എന്നത് സംബന്ധിച്ചും മികച്ച സംഭാഷണമാണ് പ്രധാനമന്ത്രിയമായി നടത്തിയതെന്ന് സാം ആള്‍ട്മാന്‍ ട്വീറ്റ് ചെയ്തു.

ചാറ്റ് ജിപിടിയ്ക്ക് ഇന്ത്യ വലിയ സ്വീകരണമാണ് നല്‍കിയത് എന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് സാം ആള്‍ട്മാന്‍ അഭിപ്രായപ്പെടുകയുണ്ടായി. ചാറ്റ് ജിപിടിയെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിലാണെന്നും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്‍പ്പടെ ക്രമേണ ചാറ്റ് ജിപിടിയുടെ മികവ് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവില്‍ ജിപിടി-5 ന് വേണ്ടിയുള്ള ജോലികള്‍ ആരംഭിച്ചിട്ടില്ലെന്നും അതിന് മുമ്പ് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സാം ആള്‍ട്മാന്‍ എക്കോണമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖര്‍ തയ്യാറാക്കിയ തുറന്ന കത്തിനെ തുടര്‍ന്നാണോ ജിപിടി-5 നിര്‍മാണം നിര്‍ത്തിവെച്ചത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സാം ആള്‍ട്മാന്റെ പ്രതികരണം.

ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കളേയും ജനപ്രതിനിധികളെയും നേരിട്ട് കാണുകയാണ് സാം ആള്‍ട്മാന്റെ ഇന്ത്യാ സന്ദര്‍ശത്തിന്റെ ലക്ഷ്യം. എഐ ഭീഷണികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കാന്‍ എല്ലാവിധ സഹകരണത്തിന് തയ്യാറാണെന്ന് ഉറപ്പ് നല്‍കുവാനും ആള്‍ട്മാന്‍ ലക്ഷ്യമിടുന്നു.

 

 

 

Top