ജി-20 ഉച്ചകോടി; പ്രധാനമന്ത്രി റോമില്‍, മാര്‍പാപ്പയുമായി നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി-ബ്രിട്ടണ്‍ സന്ദര്‍ശനം ഇന്നുമുതല്‍. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്.

കൊവിഡ് മഹാമാരി, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രോഗിയുടെ ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെയും സന്ദര്‍ശിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക.

അതേസമയം, കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26ലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച മുതല്‍ നവംബര്‍ 12 വരെ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലാണ് കോപ് 26 നടക്കുന്നത്.

120 രാഷ്ട്രത്തലവന്മാര്‍ ഇതില്‍ പങ്കെടുക്കും. ഇതില്‍ നവംബര്‍ 1, 2 തിയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.

Top