മധ്യപ്രദേശില്‍ പുതിയ അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഭോപാല്‍: അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ പ്രധാനമന്ത്രി 5 വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തു. ഭോപാല്‍-ഇന്‍ഡോര്‍, ഭോപാല്‍-ജബല്‍പുര്‍ എന്നിവയുടെ ഫ്‌ലാഗ് ഓഫ് മധ്യപ്രദേശില്‍ നേരിട്ടാണു നിര്‍വഹിച്ചത്. റാഞ്ചി-പട്‌ന, ധാര്‍വാഡ്‌ബെംഗളൂരു, ഗോവ-മുംബൈ ട്രെയിനുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നാടിനു സമര്‍പ്പിച്ചു.

”ഈ ട്രെയിനുകള്‍ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും”- മോദി ട്വീറ്റ് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ഭോപാല്‍ വിമാനത്താവളത്തില്‍ എത്തിയ മോദി, റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗമാണു യാത്ര ചെയ്തതെന്നു സംസ്ഥാന ബിജെപി മീഡിയ ഇന്‍-ചാര്‍ജ് ആശിഷ് അഗര്‍വാള്‍ പറഞ്ഞു. ഈ ചടങ്ങിനുശേഷം, ബൂത്തുതലത്തിലുള്ള 10 ലക്ഷം ബിജെപി പ്രവര്‍ത്തകരെ ഓണ്‍ലൈനായി മോദി അഭിസംബോധന ചെയ്തു.

ദേശീയ അരിവാള്‍കോശ രോഗ നിര്‍മാര്‍ജന ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിടും. ഷാഡോള്‍ ജില്ലയിലെ പക്കാരിയ ഗ്രാമം സന്ദര്‍ശിച്ച് ആളുകളുമായി സംവദിക്കും. സംസ്ഥാനത്തുടനീളമുള്ള 3.57 കോടി ഗുണഭോക്താക്കളുടെ ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. പക്കാരിയ ഗ്രാമത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്കു ശേഷം മോദി അവിടെ അത്താഴം കഴിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Top