പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും; വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും. ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ആണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. റോഡ് ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം നല്‍കുന്ന ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമായി, മെഹ്സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ഗ്യാസ് പൈപ്പ്ലൈന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. രാജസ്ഥാനില്‍ റെയില്‍, റോഡ് മേഖലയിലെ വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാഥ്ദ്വാരയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച ടൂറിസം പദ്ധതികളും ഇന്ന് നാടിന് സമര്‍പ്പിക്കും.

പി.എം.എ.വൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി ആരംഭം കുറിയ്ക്കും. ജല്‍ ജീവന്‍ മിഷനു കീഴിലുള്ള പദ്ധതികള്‍ക്കും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴിലെ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനുമുള്ള പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിക്കും. രാജസ്ഥാനില്‍ ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

Top