മിന്നല്‍ സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍, ഒപ്പം സംയുക്ത സേന മേധാവിയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍. മുൻകൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ജൂണ്‍ 15-ന് ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ ഈ മിന്നല്‍ സന്ദര്‍ശനം.

ലേയിലെ സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌.

ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

ലഡാക്കിലെ നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. അതിരാവിലെ അവിടെയെത്തിയ അദ്ദേഹം കരസേന, വ്യോമസേന, ഐടിബിപി സേനകളുമായി സംവദിക്കുകയാണ്. ലഫ്.ജനറൽ ഹരീന്ദർ സിങ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികൾ വിശദീകരിച്ചു. അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.

ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്.ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Top