പ്രധാനമന്ത്രി പദത്തിനായ് പ്രതിപക്ഷത്ത് ആളുകൾ ഏറെ, ബി.ജെ.പി ചിരിക്കുന്നു ! !

പ്രധാനമന്ത്രി പദമോഹികൾ പ്രതിപക്ഷത്ത് വർദ്ധിച്ചതിൽ മനം കുളിർന്ന് ബി.ജെ.പി.

രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയാൽ കൂട്ടുകക്ഷി ഭരണത്തിൽ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവരിൽ പ്രമുഖർ ബി.എസ്.പി നേതാവ് മായാവതി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ടി.ആർ.എസ് നേതാവ് ചന്ദ്രശേഖരറാവു, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരാണ്.

ഒറ്റകക്ഷി എന്ന നിലയിൽ ഏറ്റവും കൂടുതൽ സീറ്റു നേടുക ബി.ജെ.പി തന്നെ ആയിരിക്കും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.എത്ര ശക്തമായ സർക്കാർ വിരുദ്ധ തരംഗമുണ്ടായാലും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ലന്ന് തന്നെയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.

കേന്ദ്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ നിർണ്ണായക പങ്കുവഹിക്കുന്ന സാഹചര്യം ആത്യന്തികമായി ബി.ജെ.പിക്കേ ഗുണം ചെയ്യുകയൊള്ളു എന്നാണ് പാർട്ടി വിലയിരുത്തൽ.

90 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യിൽ നിന്നടക്കം എത്ര സീറ്റ് ബി.എസ്.പി നേടിയാലും മായാവതിയെ പ്രധാനമന്ത്രിയാക്കുന്ന ഏർപ്പാടിന് സമാജ് വാദി പാർട്ടി നിന്നു കൊടുക്കില്ലന്ന വലിയ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്. തൽക്കാലും ശത്രുത പുറത്ത് പ്രകടിപ്പിക്കുന്നില്ലങ്കിലും അധികം താമസിയാതെ ഇരു വിഭാഗവും തമ്മിൽതല്ലി പിരിയുമെന്നാണ് കാവി പടയുടെ കണക്കു കൂട്ടൽ.

ഇതിനു സമാനമാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലങ്കുദേശവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വിന്റെ ടി.ആർ.എസും തമ്മിലുള്ള ശത്രുതയും. ഇരുവർക്കും പരസ്പരം പോരടിച്ച് നിന്നാൽ മാത്രമേ സ്വന്തം സംസ്ഥാനങ്ങളിൽ നിലനിൽപ്പൊള്ളൂ എന്നതാണ് അവസ്ഥ. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടാൻ ടി.ആർ.എസിന് വഴി ഒരുക്കിയത് ടി.ഡി.പി യുടെ സാന്നിധ്യമായിരുന്നു.

കോൺഗ്രസ്സ്, ടി.ഡി.പിയുമായി സഖ്യമായി മത്സരിച്ചതിനാൽ പ്രാദേശിക വികാരം ആളിക്കത്തിക്കാൻ ടി.ആർ.എസിനു എളുപ്പം കഴിഞ്ഞു. ഇതോടെ ആന്ധ്ര വിഭജനത്തിന് പ്രതിഷേധാഗ്നി ഉയർത്തിയ തെലങ്കാന ജനത ഒറ്റക്കെട്ടായി ചന്ദ്രശേഖരറാവുവിനെ പിന്തുണക്കുകയായിരുന്നു.

ലോകസഭയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമിട്ടിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി. മകൻ രാമറാവുവിനെ പാർട്ടി വർക്കിങ്ങ് പ്രസിഡന്റാക്കിയ ചന്ദ്രശേഖരറാവു താൻ ദേശീയ രാഷ്ട്രീയത്തിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് വ്യക്തമാക്കി കഴിഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പ്രധാനമന്ത്രി പദ മോഹികളുടെ ലിസ്റ്റിലെ ശക്തയായ മുഖ്യമന്ത്രി. 42 ലോകസഭ അംഗങ്ങളെയാണ് ബംഗാളിൽ നിന്നും തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇതിൽ 34ഉം മമതയുടെ തൃണമൂൽ കോൺഗ്രസ്സിനാണ്.ഇവിടെ രണ്ടു സീറ്റുള്ള ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന അവകാശ വാദവും ഇതിനകം ഉയർത്തിയിട്ടുണ്ട്.

അതേ സമയം എത്ര എം.പിമാരുമായി ഡൽഹിയിൽ ചെന്നാലും മമതയെ പ്രധാനമന്ത്രിയാക്കുന്ന ഒരു ഏർപ്പാടിനെയും സി.പി.എമ്മും ഇടതുപക്ഷവും പിന്തുണക്കാൻ സാധ്യതയില്ല.

പ്രധാനമന്ത്രി പദം ആഗ്രഹിക്കാത്ത പ്രതിപക്ഷ പാർട്ടികൾ സി.പി.എം, ആം ആദ്മി പാർട്ടി,ഡി.എം.കെ, ബിജു ജനതാദൾ,ലല്ലു പ്രസാദിന്റെ ആർ.ജെ.ഡി എന്നിവയാണ്.

bjp happy

രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി പദമോഹികൾക്ക് ഈ പാർട്ടികളുടെ പിന്തുണ ലോകസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാൽ അനിവാര്യമാണ്.

സീറ്റുകളുടെ കാര്യത്തിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞില്ലങ്കിൽ പ്രതിപക്ഷത്ത് നിന്നും മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ്സിനും പിന്തുണക്കേണ്ടി വരും.

രാഹുൽ ഗാന്ധിക്ക് എതിരെ പ്രതിപക്ഷത്ത് തിരഞ്ഞെടുപ്പിന് ശേഷം കുറു മുന്നണി രൂപപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ഇത് ആത്യന്തികമായി ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക.

ഇപ്പോൾ കോൺഗ്രസ്സ് വലിയ ജയം ആഘോഷിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബഹു ഭൂരിപക്ഷം ലോകസഭ സീറ്റുകളും ബി ജെ പി തന്നെ നേടുമെന്നാണ് കണക്കുകൾ നിരത്തി നേതൃത്യം അവകാശപ്പെടുന്നത്. വലിയ ഒരു അന്തരം ഇവിടെ രണ്ടു പാർട്ടികളും തമ്മിൽ ഇല്ലന്നും മറികടക്കാൻ കഴിയുമെന്നും ആണ് വാദം

ഫിബ്രുവരിയിൽ ജനപ്രിയ ബജറ്റ് പ്രഖ്യാപിച്ചും രാമക്ഷേത്ര കാര്യത്തിൽ പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നും ഭൂരിപക്ഷ വികാരം അനുകൂലമാക്കാനുമാണ് ബി.ജെ.പി പദ്ധതി തയ്യാറാക്കുന്നത്.

കോൺഗ്രസ്സ് ഇതര പ്രതിപക്ഷ പാർട്ടികളിൽ സി.പി.എം, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവ ഒഴികെ ബാക്കി പ്രധാനപ്പെട്ട ഒരു പാർട്ടികൾക്കും ബി.ജെ.പി യോട് അയിത്തമില്ല. ഇപ്പോൾ അമിത് ഷായുടെ രഥയാത്ര തടഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പോലും ബി.ജെ.പി മന്ത്രിസഭയിൽ മുൻപ് മന്ത്രിയായിരുന്നു. ടി.ഡി.പി കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്നു. അടുത്തയിടെയാണ് ബി.ജെ.പി യോട് വിട പറഞ്ഞത്.

ടി.ആർ.എസും, ബിജു ജനതാദളും രാജ്യസഭയിൽ മോദി സർക്കാറിന്റെ രക്ഷക്ക് പലവട്ടം കൈ പൊക്കിയ പാർട്ടികളാണ്.തമിഴകത്തെ ഡി.എം.കെ പോലും ഇനി ഒരു ഊഴം മോദിക്കാണെന്ന് വ്യക്തമായാൽ ചിലപ്പോൾ പിന്തുണച്ചേക്കും. ന്യൂനപക്ഷ വോട്ട് തട്ടാൻ വേണ്ടി മാത്രമാണ് ഈ പാർട്ടികൾ എല്ലാം തന്നെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം ഇപ്പോൾ കടുപ്പിക്കുന്നത്.

ഈ യാഥാർത്ഥ്യം തന്നെയാണ് പ്രതികൂല സാഹചര്യത്തിലും മോദിയുടെ രണ്ടാം ഊഴത്തിന് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്.

Top