‘പരീക്ഷ പേ ചർച്ച’, വിദ്യാഭ്യാസ രംഗത്തെ പുതിയ മുന്നേറ്റങ്ങളെ അറിയാന്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: ഈ വർഷത്തെ ‘പരീക്ഷ പേ ചർച്ച’യിൽ  രജിസ്റ്റർ ചെയ്യാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഊർജ്ജസ്വലരായ യുവാക്കളുമായി ആശയവിനിമയം നടത്താനും വിദ്യാഭ്യാസ രം​ഗത്തെ പുതിയ മുന്നേറ്റങ്ങളെ അറിയാനും ഈ പരിപാടി അവസരമൊരുക്കുന്നുവെന്നും മോദി പറഞ്ഞു. അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും പരീക്ഷ പേ ചർച്ച 2022 ൽ പങ്കെടുത്ത്, പ്രധാനമന്ത്രിയുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആഹ്വാനം ചെയ്തു.

‘പരീക്ഷ അടുത്തുവരികയാണ്. നമുക്ക് സമ്മർദ്ദ​ര​ഹിതമായ പരീക്ഷയെക്കുറിച്ച് സംസാരിക്കാം. ധീരരായ പരീക്ഷാർത്ഥികളെ, അവരുടെ അധ്യാപകരെ, മാതാപിതാക്കളെ പിന്തുണക്കാം.’ മോദി ട്വീറ്റിൽ കുറിച്ചു. ‘ഈ വർഷത്തെ #PPC2022-ൽ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ രജിസ്ട്രേഷനായുള്ള ലിങ്ക് പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.  ‘പരീക്ഷ പേ ചർച്ച’ ഒരു മികച്ച പഠനാനുഭവമാണ്. നമ്മുടെ ഊർജ്ജസ്വലരായ യുവാക്കളുമായി ബന്ധപ്പെടാനും അവരുടെ വെല്ലുവിളികളും അഭിലാഷങ്ങളും നന്നായി മനസ്സിലാക്കാനും എനിക്ക് അവസരം ലഭിക്കുന്നു,’ മോദി പറഞ്ഞു.

2018 ഫെബ്രുവരി 16നാണ് തൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ചാണ് പരീക്ഷ പേ ചർച്ചയുടെ ആദ്യപതിപ്പ് നടന്നത്. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും  പരീക്ഷയുമായ ബന്ധപ്പെട്ട ആശങ്കകളും സമ്മർദ്ദങ്ങളും ഈ പരിപാടിയിലൂടെ പ്രധാനമന്ത്രിയുമായി പങ്കുവെച്ചിരുന്നു. ഓൺലൈനായിട്ടാണ് ഇത്തവണയും പരിപാടി നടത്തുന്നത്.

Top