ആലുവ സ്വര്‍ണ കവര്‍ച്ചക്കേസ്: മുഖ്യപ്രതി പൊലീസ് പിടിയില്‍

arrest

കൊച്ചി: ആലുവയിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായാ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ആലുവ ഇടയാറിലാണ് മോഷണം നടന്നത്. കവര്‍ച്ചാ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇവര്‍ക്കായി തെരച്ചിലാരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.

ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണശുദ്ധീകരണ ശാലയ്ക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച കവര്‍ച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യമെന്തെന്നന്വേഷിച്ചിരുന്നു. ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ മറുപടിയെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കി. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലാണ് ഇതോടെ പൊലീസ് എത്തിയത്. ംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ആള്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതി വലയിലായത്.

Top