‘വൈദികരും കന്യാസ്ത്രീകളും അശ്ലീലദൃശ്യങ്ങൾ കാണുന്നു’; മുന്നറിയിപ്പുമായി മാർപ്പാപ്പ 

വത്തിക്കാൻ: സാധാരണക്കാര്‍ മാത്രമല്ല, വൈദികരും കന്യാസ്ത്രീകളും വരെ ഇന്റർനെറ്റിലെ പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടതായി ഫ്രാൻസിസ് മാർപ്പാപ്പ. സാത്താൻ വരുന്നത് ആ വഴിയാണെന്നും അത് ആത്മാവിനെ ദുർബലപ്പെടുത്തുമെന്നും മാർപ്പാപ്പ മുന്നറിയിപ്പു നൽകി. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് പോപ്പിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്തത്.

‘സാധാരണക്കാരായ ധാരാളം പേർ, പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ദുശ്ശീലമുണ്ട്. അതുവഴിയാണ് ചെകുത്താൻ വരുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള കുറ്റകരമായ അശ്ലീലത്തെ കുറിച്ചു മാത്രമല്ല ഞാൻ സംസാരിക്കുന്നത്. പോണോഗ്രഫി സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിൽ ജാഗ്രത പാലിക്കണം.’ – റോമിൽ പഠിക്കുന്ന വൈദികവിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ലോകത്തെയും സമൂഹമാധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാർപ്പാപ്പ. ‘ഈ കാര്യങ്ങൾ എല്ലാം ഉപയോഗിക്കണം. കാരണം ഇതെല്ലാം ശാസ്ത്രത്തിന്റെ പുരോഗതി മൂലം കൈവന്നതാണ്. അറിയാമോ, ഞാനിത് (മൊബൈല്‍ ഫോണ്‍) ഉപയോഗിക്കുന്നില്ല. മുപ്പത് വർഷം മുമ്പ് ബിഷപ്പായ വേളയിൽ എനിക്കൊരു മൊബൈൽ ഫോൺ ലഭിച്ചു. ഒരു ഷൂവിന്റെ അത്ര വലുപ്പമുണ്ടായിരുന്നു അതിന്. അതു ഞാന്‍ തിരിച്ചു നല്‍കി ‘ – അദ്ദേഹം പറഞ്ഞു.

ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കേണ്ടത് എന്നും മാർപ്പാപ്പ ഉപദേശിച്ചു. ‘ഇതിൽ ഒരു ജാഗ്രത വേണം. ഇതിൽ കൂടുതൽ സമയം ചെലവഴിക്കരുത്. അശ്ലീല ദൃശ്യങ്ങൾ കാണാനുള്ള ഉപകരണമാക്കരുത്. ഒരു തവണയെങ്കിലും അശ്ലീല ദൃശ്യങ്ങൾ കാണാത്തവർ നിങ്ങളിലുണ്ടോ? ഞാൻ കൈ പൊക്കാനൊന്നും പറയുന്നില്ല. ഇതൊരു പ്രലോഭനമാണ്’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

Top