രക്ഷിതാക്കൾക്കിടയിലും അഭിമാനം ! ! ഇത് എസ്.എഫ്.ഐ യുടെ അതിജീവനം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞ് തുള്ളുന്ന, സകല പിന്തിരിപ്പന്‍മാരും, കണ്ണു തുറന്ന് കാണേണ്ടത് ഈ കാഴ്ചകളാണ്.അതിജീവനത്തിന്റെ പുതിയ കാലത്തും, വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായിരിക്കുന്നത് എസ്.എഫ്.ഐയാണ്.

എതിര്‍പ്പുകളെ പ്രവര്‍ത്തിയിലെ നന്മ കൊണ്ട് നേരിട്ടാണ് വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം നിലവില്‍ മുന്നോട്ട് പോകുന്നത്.

ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി വാങ്ങി നല്‍കാന്‍ മത്സരിക്കുന്നതും ഈ സംഘടനയാണ്. 14 ജില്ലകളിലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് എസ്.എഫ്.ഐ യുടെ ഈ ടി.വി ചലഞ്ച്.വലിയ പിന്തുണയാണ്, എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐ യുടെയും ഈ നീക്കങ്ങള്‍ക്ക്, നാട് നല്‍കി വരുന്നത്.

ലോക്ക് ഡൗണ്‍ കാലയളവിലെ താമസ വാടക, വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതിനെതിരെ ആദ്യം പ്രതികരിച്ചതും, എസ്.എഫ്.ഐയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി, ‘പരീക്ഷ വണ്ടി’ എന്ന ക്യാംപയിന്‍ തന്നെ, എസ്.എഫ്.ഐ ഏറ്റെടുക്കുകയുണ്ടായി. അനവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെട്ടിരിക്കുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളും, പരീക്ഷാസമയവും ക്രോഡീകരിച്ച്, റൂട്ട് മാപ്പുണ്ടാക്കിയാണ് ഈ പദ്ധതി വിജയകരമായി നടത്തിയിരുന്നത്.പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്, മാസ്‌ക്കുകളും എസ്.എഫ്.ഐ നല്‍കുകയുണ്ടായി.

പരീക്ഷക്ക് മുന്‍പും ശേഷവും, സ്‌കൂളുകള്‍ ശുചീകരിക്കാനും, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഈ വിദ്യാര്‍ത്ഥി സംഘടന പണം പിരിച്ച് നല്‍കിയിട്ടുണ്ട്.

കോവിഡ് സ്രവ പരിശോധനകള്‍, വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്ന, വിസ്‌ക് ക്യാബ് നിര്‍മ്മിച്ചിരിക്കുന്നത്, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജിലെ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. അരലക്ഷം രൂപ ചിലവില്‍ മൂന്നാഴ്ച കൊണ്ടാണ് ഇത് സാധ്യമായിരുന്നത്. ഈ ഉപകരണം ജില്ലാ ആശുപത്രിക്കാണിപ്പോള്‍ കൈമാറിയിരിക്കുന്നത്.

എസ്.എഫ്.ഐ ഈ ചെയ്ത പ്രവര്‍ത്തികളെല്ലാം, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് മൂക്കുകയറിട്ട, കോടതി വിധി വന്നതിന് ശേഷമാണ്.

കാമ്പസുകളില്‍ സമരങ്ങള്‍ നിരോധിച്ചതിനെ, സേവനത്തിന്റെ മാര്‍ഗ്ഗത്തിലൂടെയാണ് എസ്.എഫ്.ഐ മറുപടി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസുകളില്‍ അനിവാര്യമാണെന്ന്, പൊതു സമൂഹത്ത ബോധ്യപ്പെടുത്താനും, ഈ പ്രവര്‍ത്തിയിലൂടെ എസ്.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്തിന് മുന്‍പ്, പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന് തിരികൊളുത്തിയതും, എസ്.എഫ്.ഐയാണ്. വിദ്യാര്‍ത്ഥികളെ തെരുവിലേക്കിറക്കിയാണ് ഈ വിവേചനത്തിനെതിരെ, എസ്.എഫ്.ഐ ശബ്ദമുയര്‍ത്തിയിരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ അണിനിരന്നതും, ഈ കേരളത്തിലാണ്.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ, മനുഷ്യമതില്‍ തീര്‍ത്താണ് ജനങ്ങള്‍ പ്രതിരോധക്കോട്ട തീര്‍ത്തിരുന്നത്.

ഈ മഹാശ്യംഖലയില്‍ ജാതി – മത ഭേദമന്യേയാണ് ജനങ്ങള്‍ പങ്കെടുത്തത്. വൃദ്ധര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ചങ്ങലയായി നിന്നാണ് കേരളത്തെ അളന്നിരുന്നത്.

ഇത്തരമൊരു പ്രതിഷേധം ഇടതുപക്ഷ സംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുകയില്ല. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഈ പ്രതിഷേധത്തില്‍ എടുത്തു പറയേണ്ടതാണ്.

സമരമില്ലങ്കില്‍, കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അസ്തമിക്കുമെന്ന് അഹങ്കരിച്ചവരാണ്, ഒരു വിഭാഗം മാനേജുമെന്റുകള്‍. വിദ്യാര്‍ത്ഥി സംഘടനകളുടെ പുതിയ മാറ്റം ഏറെ ആശങ്കപ്പെടുത്തുന്നതും, ഈ കച്ചവട കൂട്ടങ്ങളെയാണ്.

നിലവിലെ കോടതി ഉത്തരവ് പ്രകാരം കാമ്പസുകളില്‍ പഠിപ്പ് മുടക്കോ ഘെരാവോയോ, മാര്‍ച്ചുകളോ പാടില്ല. ഇത്തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടായാല്‍, വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്ക് പൊലീസിനെ വിളിക്കാന്‍ കഴിയും.

കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാക്കിയാണ്, ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നത്.

ഒരു സ്വകാര്യ കോളജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ നടപടി.

വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അനുച്ഛേദം 19(എ) യിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും, 19(ബി) യിലൂടെ സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും, ഉറപ്പുനല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. കേരള ഹൈകോടതിയുടെ നിലവിലെ വിധി, മൗലികാവകാശങ്ങള്‍ക്ക്മേലുള്ള കടന്നുകയറ്റമാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

അരാഷ്ട്രീയ കാമ്പസുകളില്‍ പടരുന്ന അരാജകത്വവും, ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയാണ്, എസ്.എഫ്.ഐയുടെ ഈ പ്രതികരണം.

വിദ്യാര്‍ത്ഥികളെ സാമൂഹ്യവല്‍ക്കരിക്കുന്നതിലും, ജനാധിപത്യ-മതനിരപേക്ഷ മൂല്യവല്‍കരിക്കുന്നതിലും, കലാലയ രാഷ്ട്രീയത്തിന്റെ പങ്കും ഒഴിച്ചു കൂടാനാവാത്തതാണ്. ഈ സംഘടിത ബോധമാണ് കോവിഡ് കാലത്തും, നാടിന് ആശ്രയമായിരിക്കുന്നത്. ഇവിടെ സേവനത്തിന്റെ പുതിയ പാതയാണ് എസ്.എഫ്.ഐ സൃഷ്ടിച്ചിരിക്കുന്നത്.

തന്റെ മക്കള്‍ക്ക് രാഷ്ട്രീയം വേണ്ട എന്ന് പറയുന്ന രക്ഷിതാക്കള്‍ വരെ, ഇപ്പോള്‍ കാമ്പസ് രാഷ്ട്രീയത്തിന് അനുകൂലമായി കഴിഞ്ഞിട്ടുണ്ട്.

ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ മുന്‍ നിര്‍ത്തി, വിദ്യാര്‍ത്ഥി രാഷ്ട്രിയം നിരോധിക്കുന്നതിനോട്, അവരാരും തന്നെ, ഇപ്പോള്‍ യോജിക്കുന്നില്ല.

വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്, നാട്ടില്‍ പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച കാലം കൂടിയാണ് ഈ കോവിഡ് കാലം. ഈ പശ്ചാത്തലത്തില്‍, വിദ്യാര്‍ത്ഥികളുടെ സംഘടനാ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍, നിയമ നിര്‍മ്മാണത്തിന് സര്‍ക്കാറും ഉടന്‍ തയ്യാറാവണം. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.


Express View

Top