എണ്ണയും സ്വർണ്ണവും റെക്കോർഡിലേക്ക്: ഓഹരി താഴ്ന്ന് കനത്ത നഷ്ടത്തിലേക്ക്

കൊച്ചി: അസംസ്‌കൃത എണ്ണയു‌ടെ വില റെക്കോർഡിലേക്കാണ് കുതിച്ചുയരുന്നത്. യുഎസ് ഡോളറുമായുള്ള വിനിമയനിരക്ക് നോക്കുമ്പോൾ രൂപയുടെമൂല്യത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. റഷ്യ – യുക്രെയ്‌ൻ യുദ്ധം ലോകസമ്പദ്‌ വ്യവസ്‌ഥയെ പ്രതിസന്ധിയിലാഴ്‌ത്തുമ്പോൾ സുരക്ഷിതമായി നിക്ഷേപം തേടുന്നവരുടെ പിന്തുണയിൽ സ്വർണ വിലയിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയിൽ വ്യാപാരത്തിന്റെ തുടക്കത്തിൽത്തന്നെ ക്രൂഡ് ഓയിലിന്റെ വില ബാരലൊന്നിനു 139.13 ഡോളറിലേക്കാണു കുതിച്ചുയർന്നത്. 14 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. തുടക്കത്തിലെ ഉയർച്ചക്ക് ശേഷം വില 130.72 ഡോളറിലേക്കു താഴ്‌ന്നെങ്കിലും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

റഷ്യയിൽനിന്നുള്ള എണ്ണ കയറ്റുമതി വിലക്കിയാൽ വില 200 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ മാർച്ച് ഡെലിവറി ക്രൂഡ് ഓയിൽ അവധി വില ബാരലിന് 9585 രൂപയിലേക്ക് ഉയർന്നു. വർധന 1005 രൂപ. എണ്ണ വിലയിൽ ഈ വർഷത്തെ വിലക്കയറ്റം 67 ശതമാനമാണ്. എണ്ണ വിലയ്ക്കൊപ്പം മറ്റെല്ലാ ഉൽപന്നങ്ങളുടെയും വില കത്തിക്കയറുന്നതു ലോകത്തെയാകെ പണപ്പെരുപ്പത്തിലേക്കു നയിച്ചേക്കുമെന്നു സാമ്പത്തിക വിദഗ്ധർ കരുതുന്നു.

പണപ്പെരുപ്പ നിയന്ത്രണത്തിനു പലിശ നിരക്കുകൾ വർധിപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിർബന്ധിതമാകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള സഹന പരിധി പിന്നിട്ടു പണപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിനു മുകളിലാണ്. എന്നാൽ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട ബാധ്യത മൂലമാണു നിരക്കു വർധനയ്ക്ക് ആർബിഐ തയാറാകാത്തത്. എണ്ണ വിലയിലെ കുതിപ്പിൽ രൂപയാണ് ഏറ്റവും വലിയ ആഘാതമേറ്റ കറൻസികളിലൊന്ന്.

കഴിഞ്ഞ വാരാന്ത്യത്തിൽ ഡോളറൊന്നിന് 76.17 രൂപയായിരുന്നു വിനിമയ നിരക്ക്. എന്നാൽ ഇന്നലെ വ്യാപാരം ആരംഭിച്ചതുതന്നെ 81 പൈസ വ്യത്യാസത്തിൽ 76.98 എന്ന നിരക്കിലാണ്. പിന്നീട് 77.12 നിലവാരത്തിലായി വ്യാപാരം. ഇടപാടുകൾ അവസാനിക്കുമ്പോൾ നിരക്ക് 76.93 രൂപ. 2020 ഏപ്രിലിൽ രേഖപ്പെടുത്തിയ 76.92 നിലവാരത്തിലെ സർവകാല ഔന്നത്യമാണ് ഇതോടെ മറികടന്നത്. എണ്ണ വില ഫെബ്രുവരിയിലെ ശരാശരി നിരക്കിനെക്കാൾ ബാരലൊന്നിനു 36 ഡോളർ മുകളിലെത്തിയിരിക്കുന്നതിനാൽ ഇറക്കുമതിച്ചെലവ് ഇന്ത്യയ്ക്കു കനത്ത ബാധ്യതയാകുകയാണ്. ഇതു കറന്റ് അക്കൗണ്ട് കമ്മിയിൽ 3,55,680 കോടി രൂപയുടെ വർധനയ്ക്കു കാരണമാകുമെന്നു കണക്കാക്കുന്നു.

വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സിലുണ്ടായ ഇടിവ് 1791.17 പോയിന്റിന്റേതാണ്. നിഫ്റ്റിയിൽ 503.8 പോയിന്റ് നഷ്ടമായി. എന്നാൽ വ്യാപാരാവസാനത്തോടെ കാര്യമായല്ലെങ്കിലും നില മെച്ചപ്പെട്ടു. സെൻസെക്സിലെ നഷ്ടം 1491 പോയിന്റിലൊതുങ്ങി. നിഫ്റ്റിയിലെ നഷ്ടം 382.2 പോയിന്റ്. സെൻസെക്സിന്റെ അവസാന നിരക്ക് 52,842.75 പോയിന്റ്. നിഫ്റ്റി 15,863.15.

ഒന്നര വർഷത്തിനിടയിൽ ആദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (31.1 ഗ്രാം) 2000 ഡോളറിനു മുകളിലെത്തി. 2000.69 ഡോളർ വരെ ഉയർന്ന വില പിന്നീട് 1977.89 ഡോളറിലേക്കു താഴ്ന്നു. ‘പ്രെഷ്യസ് മെറ്റൽസ്’ എന്ന വിഭാഗത്തിൽപ്പെടുന്ന പലാഡിയത്തിന്റെ വില ഔൺസിന് 3173 ഡോളറിലെത്തി. ഇതു റെക്കോർഡാണ്. വാഹന നിർമാതാക്കൾക്കു വളരെ ആവശ്യമുള്ള ഉൽപന്നങ്ങളിലൊന്നാണു പലാഡിയം. ഇതിന്റെ ഉൽപാദനത്തിൽ 40 ശതമാനമാണു റഷ്യയുടെ വിഹിതം.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഏപ്രിൽ ഡെലിവറി സ്വർണത്തിന്റെ അവധി വില 10 ഗ്രാമിന് 53,720 രൂപയിലേക്ക് ഉയർന്നു. കേരളത്തിൽ വില പവന് (എട്ടു ഗ്രാം) 800 രൂപയാണ് ഒറ്റയടിക്കു വർധിച്ചത്. 39,520 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം. ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

Top