സൗദിയിലെ പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം

റിയാദ് : സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം. 91, 95 എന്നീ രണ്ടിനം പെട്രോളിന്റെ വില പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് നിയമം ബാധകമാണെന്നും മന്ത്രാലയം സര്‍ക്കുലറിലൂടെ അറിയിച്ചു.

പ്രാദേശിക മുനിസിപ്പാലിറ്റികളെയെല്ലാം ഇക്കാര്യം തദ്ദേശ വകുപ്പ് അറിയിച്ചു. വിലയില്‍ മാറ്റം വരുന്നത് ഉടന്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കണം.

രാജ്യത്തെ പെട്രോള്‍ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയില്‍ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകള്‍ വരുത്തുമെന്നും ഊര്‍ജ്ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Top