ജി.എസ്.ടി ഇളവ്; ടാറ്റ മോട്ടോഴ്‌സിന്റെ ടിഗോറിന് വില കുറയുന്നു

ജി.എസ്.ടി നിരക്കില്‍ ഇളവ് ലഭിച്ചതോടെ ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത കാറായ ടിഗോറിന്റെ വില കുറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിട്ടുള്ളത്. ഇതോടെ ടിഗോറിന്റെ വിലയില്‍ 80,000 രൂപയുടെ ഇളവാണ് വന്നിട്ടുള്ളത്. എക്‌സ്.ഇ, എക്‌സ്.എം, എക്‌സ്.ടി പതിപ്പുകളുടെ മുംബൈയിലെ ഷോറൂം വില 11.58 ലക്ഷം രൂപ മുതല്‍ 11.92 ലക്ഷം രൂപ വരെയായിട്ടാണു കുറയുന്നത്.

സബ്‌സിഡി കുറയുകയും ടി.സി.എസ് ലെവി ചേരുകയും ചെയ്യുന്നതോടെ ടിഗോര്‍ ഇവിയുടെ പുതിയ വില അടിസ്ഥാന മോഡലിന് 9.96 ലക്ഷം രൂപയും മുന്തിയ പതിപ്പായ എക്‌സ്.ടിക്ക് 10.30 ലക്ഷം രൂപയുമാവുമെന്നാണ് പ്രതീക്ഷ. പൊതുഗതാഗത മേഖലയിലും ഇ.ഇ.എസ്.എല്‍ വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു വാണിജ്യ ഉപയോഗത്തിനും മാത്രമാണ് ഇപ്പോഴും ടാറ്റയുടെ ടിഗോര്‍ ലഭിക്കുക. നേരത്തെ എക്‌സ്.എം, എക്‌സ്.ടി പതിപ്പുകളില്‍ മാത്രം വിപണിയിലുണ്ടായിരുന്ന കാറിന് യഥാക്രമം 12.35 ലക്ഷം രൂപയും 12.71 ലക്ഷം രൂപയുമായിരുന്നു വില. സൗകര്യങ്ങളിലും സംവിധാനങ്ങളിലും കാര്യമായ വ്യത്യാസമില്ലെങ്കിലും എക്‌സ്ടിയില്‍ സ്റ്റീല്‍ വീലിനു പകരം 14 ഇഞ്ച് അലോയ് വീലാണു ടാറ്റ ഘടിപ്പിച്ചിരിക്കുന്നത്. വിലയിലെ പ്രീമിയത്തിന് പവര്‍ അഡ്ജസ്റ്റബ്ള്‍ വിങ് മിററുകളും ഈ മോഡലിലുണ്ട്.

കാറിനു കരുത്തേകുന്നത് 16.2 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണ്, 4,500 ആര്‍.പി എമ്മില്‍ 30 കിലോവാട്ട് (ഏകദേശം 41 ബി.എച്ച്.പി) കരുത്തും 4,500 ആര്‍.പി.എമ്മില്‍ 105 എന്‍ എം ടോര്‍ക്കുമാണ് കാറിലെ 72 വോള്‍ട്ട്, ത്രീ ഫെയ്‌സ്, എ സി ഇന്‍ഡക്ഷന്‍ മോട്ടോര്‍ സൃഷ്ടിക്കുക. മുന്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിന് ഓരോ ചാര്‍ജിങ്ങിലും 142 കിലോമീറ്റര്‍ റേഞ്ചാണ് ടാറ്റയയുടെ വാഗ്ദാനം. സാധാരണ എ സി സോക്കറ്റ് ഉപയോഗിച്ച് ആറു മണിക്കൂറിനുള്ളില്‍ കാറിലെ ബാറ്ററി 80% ചാര്‍ജ് ചെയ്യാനാവും. 15 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജറിനാവട്ടെ 90 മിനിറ്റില്‍ 80% ചാര്‍ജ് ഉറപ്പാക്കാനാവും. മൂന്നു വര്‍ഷം അഥവാ ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ വാറന്റിയാണു കാറിനും ബാറ്ററി പായ്ക്കിനും നിര്‍മാതാക്കളുടെ വാഗ്ദാനം.

Top