അടുത്തവര്‍ഷം മുതല്‍ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വില വര്‍ധിച്ചേക്കും !

ന്യൂഡല്‍ഹി: നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ അടുത്തവര്‍ഷം ജനുവരി മുതല്‍ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വില വര്‍ധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനത്തില്‍ നിന്ന് 12ശതമാനമാക്കുന്നതോടെയാണ് വില വര്‍ധനയുണ്ടാകുക.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. വസ്ത്രം, ചെരുപ്പ് എന്നിവ നിര്‍മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്.

വ്യാപാരത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങിയതിന്റെ നികുതി കുറവുചെയ്യുന്നതുസംബന്ധിച്ച(ഇന്‍പുട് ടാക്‌സ് ക്രഡിറ്റ്) ക്രമീകരണത്തില്‍ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്.

നികുതി ക്രമീകരണത്തില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതിന്റെ ഭാരംകൂടി നിര്‍മാതാക്കള്‍ നിലവില്‍ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്. ജി.എസ്.ടി ഏകീകരിച്ചാല്‍ നിര്‍മാതാക്കള്‍ക്ക് അസംസ്‌കൃതവസ്തുക്കളുടെ മുഴുവന്‍ നികുതി കൃത്യമായി അവകാശപ്പെടാന്‍ എളുപ്പത്തില്‍ കഴിയുമെന്നതിനാലാണ് തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും നികുതി 12ശതമാനമായി ഉയര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്

നികുതി ഏകീകരണത്തിലൂടെ ലഭിക്കുന്ന ആനുകൂല്യം നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയാല്‍ റീട്ടെയില്‍ വിലയിലെ വര്‍ധന താരതമ്യേന കുറവാകുമെന്നാണ് വിലയിരുത്തല്‍. 12ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്തങ്ങള്‍ക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകള്‍ക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്‌കരിച്ചേക്കുക.

1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും.
നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനമാണ് ജി.എസ്.ടി. അതിനുമുകളിലുള്ളവയക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്.

 

Top